• 4 years ago
60 ആം ദിവസത്തിലേക്ക് കടക്കുകയാണ് ബിഗ് ബോസ് സീസൺ 2. ഹൌസിലെ ശക്തനായ മത്സരാർത്ഥിയാണ് രജിത് കുമാർ. ഹൌസിനു പുറത്ത് സ്ത്രീവിരുദ്ധ പരാമർശങ്ങളും അശാസ്ത്രീയതയും നിരവധി വേദികളിൽ പറഞ്ഞ് കുപ്രസിദ്ധനായ വ്യക്തിയാണ് രജിത് കുമാർ. ഹൌസിനകത്തെത്തിയ സമയങ്ങളിലും ഇദ്ദേഹം ഈ രീതിയായിരുന്നു പിന്തുടർന്നിരുന്നത്.

എന്നാൽ, ആഴ്ചകൾ കഴിയവേ ഇത്തരം വാക്കുകളും പരാമർശങ്ങളും രജിത് പരമാവധി കുറയ്ക്കുന്നത് കാണാമായിരുന്നു. എന്നാൽ, അയാളെ അംഗീകരിക്കാത്ത - അയാളെ എതിർക്കുന്ന സ്ത്രീ ആരായിരുന്നാലും അവരെ വിടാൻ രജിത് കുമാർ തയ്യാറായിരുന്നില്ല. അത്തരത്തിൽ രണ്ട് പേരായിരുന്നു രേഷ്മയും ദയയും.

കോൾ സെന്റർ ടാസ്കിനിടയിൽ രേഷ്മയെ കുറിച്ച് വളരെ മോശമായ രീതിയിലായിരുന്നു രജിത് കുമാർ സംസാരിച്ചിരുന്നത്. രേഷ്മ പ്രദീപിന്റെ കവിളിൽ ചുംബിച്ചുവെന്നായിരുന്നു ഇതിൽ പ്രധാനം. എന്നാൽ അത്തരമൊരു സംഭവം നടന്നിട്ടില്ല എന്നതാണ് സത്യം. രജിത് കുമാറിന്റെ ഫാൻസും ചില സദാചാരവാദികളും ഈ സംഭവത്തിൽ രേഷ്മയെ വളരെ മോശക്കാരിയാക്കി ചിത്രീകരിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ ട്രോളുകൾ ഉണ്ടാക്കി.

കണ്ണിനസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി പോയ രേഷ്മ ഈ സംഭവം പുറത്ത് തനിക്ക് മോശം പേരാണ് ഉണ്ടാക്കിയതെന്ന് മനസിലാക്കുകയും രജിതിന്റെ വായിൽ നിന്ന് തന്നെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറയിപ്പിക്കണം എന്ന ലക്ഷ്യത്തോടെയായിരുന്നു ഹൌസിനകത്തേക്ക് തിരിച്ചെത്തിയത്. കോടതി ടാസ്ക് ലഭിച്ചപ്പോൾ രജിതിനെതിരെ രേഷ്മ ഉന്നയിച്ച പരാതിയും ഇതായിരുന്നു.

എന്നാൽ, കോടതിമുറിക്കുള്ളിൽ വെച്ചാണ് സംഭവത്തിന്റെ സത്യാവസ്ഥ രജിത് അറിയുന്നത്. രേഷ്മയുടെ ലിപ്സ്റ്റിക് കൊണ്ട് പ്രദീപിന്റെ കവിളിൽ തമാശയ്ക്കെന്നോണം പാട് ആക്കുകയായിരുന്നു. ഇത് കണ്ട വീണയാണ് രേഷ്മ പ്രദീപിനെ ചുംബിച്ചേ... എന്ന് ഹൌസിനകത്ത് മുഴുവൻ പാടി നടന്നത്. എന്നാൽ, ഇത് സത്യമാണെന്നായിരുന്നു രജിത് കുമാർ കരുതിയിരുന്നത്. കോടതിമുറിയിൽ സാക്ഷിയായി എത്തിയ സാന്ദ്രയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഇതായിരുന്നു സത്യമെന്ന് സാന്ദ്ര പറയുമ്പോഴാണ് രജിത് തിരിച്ചറിയുന്നത്.

ഏതായാലും രേഷ്മ ഉദ്ദേശിച്ചത് നടന്നു. ഇക്കാര്യത്തിൽ പിഴവ് പറ്റിയത് രജിത് കുമാറിനായിരുന്നു. സ്വന്തം യുക്തിക്ക് നിരക്കാത്ത കാര്യമായിരുന്നിട്ട് കൂ‍ടി രേഷ്മയോടുള്ള ഇഷ്ടക്കുറവാണ് രജിതിനെ അത്തരമൊരു കാര്യം വിശ്വസിക്കാൻ പ്രേരിപ്പിച്ചത്. കാണാത്ത ഒരു കാര്യത്തിൽ വീണയുടെ വാക്കുകൾ രജിത് വിശ്വസിക്കാൻ പാടില്ലായിരുന്നു.

രണ്ടാമത്തെ ആൾ ദയ ആണ്. സുജോ, രേഷ്മ, രഘു, എലീന, ദയ എന്നിവരായിരുന്നു കണ്ണിന് അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി പോയത്. ഇവരിൽ എലീനയും ദയയും ഒഴിച്ച് ബാക്കിയുള്ളവർ സ്വന്തം വീടുകളിലായിരുന്നു. ഹൌസിനകത്ത് നടന്നതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ കാര്യങ്ങളെ കുറിച്ച് ദയയ്ക്കും എലീനയ്ക്കും ഒന്നും അറിയില്ലായിരുന്നു.

തിരിച്ചെത്തി കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ഹൌസിനുള്ളിൽ രണ്ട് ഗ്രൂപ്പായ വിവരവും രജിത് കുമാർ ഇപ്പോൾ അമൃതയ്ക്കും അഭിരാമിക്കും ഒപ്പമാണെന്ന മറ്റുള്ളവരുടെ പറച്ചിലും ദയയെ ദേഷ്യം പിടിപ്പിച്ചു. നേരത്തേ പവൻ വന്നപ്പോഴും രജിതുമായിട്ടായിരുന്നു കമ്പനി. രജിത് കുമാറിനോട് ദയയ്ക്ക് പൊസസീവ്‌നെസ് കൂടി ഉണ്ടായ പ്രശ്നമാണ്. ഇതാണ് വന്ന ദിവസം രജിതിനെതിരെ ദയ പരാതി പറയാൻ കാരണം.

അതുകൂടാതെ, സ്റ്റേജിൽ മോഹൻലാലിന്റെ അടുത്ത്‌വെച്ചും ദയ രജിതിനെ കുറ്റപ്പെടുത്തിയായിരുന്നു സംസാരിച്ചിരുന്നത്. ഇതാണ് രജിത് തന്റെ ലിസ്റ്റിൽ നിന്നും ദയയെ വെട്ടാനുണ്ടായ കാരണം. ദയയ്ക്കെതിരെ കോടതിൽ കേസ് രജിസ്റ്റർ ചെയ്യാനുണ്ടായ കാരണവും ഇതുതന്നെ. ന്യായമുള്ള പരാതിയാണോ എന്ന ചോദ്യത്തിന് അല്ല എന്ന് മറുപടി പറഞ്ഞവരിൽ എലീനയുമുണ്ടായിരുന്നു.

ഇതേച്ചൊല്ലി രജിത് എലീനയുമായി ചെറുതായി കോർത്തിരുന്നു. എന്നാൽ, പിന്നീട് ഇതിലെ സത്യാവസ്ഥ എലീന രജിതിനെ പറഞ്ഞ് മനസിലാക്കുകയായിരുന്നു. രജിതിനെ കുറിച്ച് അങ്ങനെ പറയാൻ ദയയോട് ബിഗ് ബോസ് തന്നെ ആവശ്യപ്പെടുകയായിരുന്നു. മോഹൻലാലിനും അവിടെ കൂടി നിന്നിരുന്നവർക്കും ഇക്കാര്യം അറിയാമായിരുന്നുവെന്ന് എലീന പറയുന്നു.

ദയയും രേഷ്മയും എന്നെന്നേക്കുമായി ഈ പരുപാടിയിൽ നിന്നും പോവുകയാണെന്ന രീതിയിൽ വരുത്തിതീർക്കാൻ വേണ്ടിയുള്ള ഒരു നാടകമായിരുന്നു അത്. ഹൌസിനുള്ളിലെ മത്സരാർത്ഥികൾക്ക് ഒരു സർപ്രൈസ് നൽകാനായിട്ടാണ് അങ്ങനെ ദയയെ കൊണ്ട് പറയിപ്പിച്ചത്. വിശ്വസനീയമായ രീതിയിൽ പറയാൻ ദയയ്ക്ക് രജിതിനെ മാത്രമേ ഉപയോഗിക്കാൻ പറ്റിയുള്ളു. അത് കള്ളമായിരുന്നു എന്നും ചെറിയ പ്ലാൻ ആയിരുന്നു എന്നും എലീന പറയുമ്പോഴാണ് രജിത് അറിയുന്നത്.

ഇത് എനിക്ക് അറിയില്ലായിരുന്നു എന്ന് രജിത് കുമാർ സമ്മതിക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ തെറ്റ് ചെയ്തത് ദയ ആണ്. ഹൌസിനകത്ത് എത്തിയപ്പോൾ തന്നെ ദയ ഇത് രജിതിനോട് സൂചിപ്പിക്കണമായിരുന്നു, അതുണ്ടായില്ല. ഏതായാലും കോടതി ടാസ്ക് വന്നതോടെ രജിത് അബദ്ധവശാൽ ആണെങ്കിൽ കൂടി വിശ്വസിച്ചിരുന്ന രണ്ട് കാര്യങ്ങൾ അങ്ങനെയായിരുന്നില്ല എന്ന് വ്യക്തമാവുകയാണ്. അദ്ദേഹത്തിന്റെ മനസ് കൂടുതൽ സമാധാനത്തിലേക്കും വരികയാണെന്ന് ഫാൻസ് പറയുന്നു.
#ബിഗ് ബോസ് #രജിത് കുമാർ

Category

🗞
News

Recommended