• 4 years ago
ബിഗ് ബോസ് സീസൺ 2, 60ആം ദിവസത്തിലേക്ക് കടക്കുകയാണ്. ഇതുവരെയുള്ള യാത്രയിൽ ചിലർ വീണു, ചില പുതിയ ആളുകൾ കളിക്കളത്തിലേക്കിറങ്ങുകയും ചെയ്തു. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അശാസ്ത്രീയതയും അന്ധവിശ്വാസങ്ങളും മാത്രം പൊക്കികൊണ്ട് നടക്കുന്ന രജിത് കുമാറിനെ പോലെയുള്ള വ്യക്തികൾക്ക് സമൂഹത്തിൽ ലഭിച്ച് വരുന്ന കൈയ്യടി ആപത്താണെന്ന് ഇതിനോടകം സോഷ്യൽ മീഡിയകളിൽ നിരവധിയാളുകൾ പറഞ്ഞു കഴിഞ്ഞു.

രജിത് കുമാറിന് ലഭിക്കുന്ന പിന്തുണ അയാൾക്ക് മാത്രമുള്ളതാണെന്ന് എത്ര ആവർത്തിച്ചാലും അതങ്ങനെ അല്ല, അയാളുടെ മുടന്തൻ ന്യായങ്ങൾക്കും അശാസ്ത്രിയതയ്ക്കും കൂടി ജനങ്ങൾ നൽകുന്ന അംഗീകാരമാണത്. അയാളുടെ പ്രസംഗം പോലെ തന്നെ വിഷമാണ് ഹൌസിനുള്ളിലെ അയാളുടെ പെർഫോമൻസും. ‘എനിക്ക് സ്ട്രാജറ്റജി ഇല്ല’ എന്ന് സൂരജ് പറഞ്ഞപ്പോൾ അയാളെ ഫേക്ക് എന്ന് വിളിച്ചവർ തന്നെയാണ് ‘എനിക്ക് സ്ട്രാറ്റജി ഇല്ല‘ എന്ന് രജിത് പറഞ്ഞപ്പോൾ ‘സത്യസന്ധൻ’ എന്ന് പറഞ്ഞ് കൈയ്യടിച്ച് കൊടുക്കുന്നത്.

ഗെയിമിലെ സംഭവങ്ങൾ മാത്രം നോക്കിയാൽ പോരേ? പുറത്ത് അയാൾ എന്ത് പറഞ്ഞു എന്നത് നോക്കേണ്ടത് ഉണ്ടോ? എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു, വ്യാജ വൈദ്യത്തെ അടക്കം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പൊതുജനം അയാളെ ഇങ്ങനെ തോളിൽ എടുത്ത് വെച്ചില്ലെങ്കിലേ അതിശയമുള്ളു. രജിത് സർ ഉയിരെന്നും, മാസെന്നും പറഞ്ഞ് നടക്കുന്നവർ അയാളിലെ തീർത്തും തെറ്റായ വ്യാഖ്യാനങ്ങളെ കൂടിയാണ് പിന്തുണയ്ക്കുന്നത്.

തിരിച്ച് വരുന്ന രജിത് പതിൻ മടങ്ങ് ശക്തനായിരിക്കും. തന്നെ കേൾക്കാൻ ഇത്രയധികം ആളുകൾ ഉണ്ടെന്ന് തിരിച്ചറിയുന്ന അയാൾ അന്ധവിശ്വാസവും അശാസ്ത്രിയതയും കോർത്തിണക്കി തന്റെ കലാപരിപാടി മുൻപത്തേക്കാൾ ബലത്തിൽ ഊട്ടിഉറപ്പിക്കും. അയാളെ കേൾക്കുന്ന/അംഗീകരിക്കുന്ന സ്ത്രീകളെ മാത്രമാണ് അയാൾ അന്നും ഇന്നും പരിഗണിച്ചിട്ടുള്ളത്. ‘അങ്ങനെയല്ലേ, ഞാൻ പറഞ്ഞത് കറക്ടറ്റ് അല്ലേ’? എന്ന് ചോദിക്കുമ്പോൾ ‘അതേ ചേട്ടാ’ എന്ന് പറയുന്നവരെ മാത്രമാണ് രജിത് ഇറിറ്റേറ്റ് ചെയ്യാത്തത്. അവരോട് മാത്രമാണ് രജിത് വീണ്ടും വീണ്ടും ചൊറിയാൻ ചെല്ലാത്തത്.

അതേസമയം, അയാളുടെ ചോദ്യത്തിന് ‘അങ്ങനെയല്ല മാഷേ, എനിക്ക് തോന്നുന്നില്ല, എനിക്ക് ഉൾക്കൊള്ളാൻ കഴിയില്ല. നിങ്ങളെന്ത് വിഡ്ഢിത്തരമാണ് പറയുന്നത്’? എന്നെങ്ങാനും ചോദിക്കുന്ന സ്ത്രീകൾ ആണെങ്കിൽ അവർ പിന്നെ സംസ്കാരം ഇല്ലാത്തവരും രജിതിന്റെ ഹിറ്റ്‌ലിസ്റ്റിൽ പെട്ടവരുമായിരിക്കും. അതുകൊണ്ട് തന്നെ അവരോട് പിന്നീട് അടുക്കാനോ ഒരുമിച്ചിരിക്കാനോ രജിത് ശ്രമിച്ചിട്ടില്ല.

രജിത് കുമാർ പറയുന്നതും ചെയ്യുന്നതും തമ്മിൽ യാതോരു ബന്ധവും ഉണ്ടാകില്ല. എന്നാൽ, ഇതു ചൂണ്ടിക്കാണിക്കുന്നവരെ ഓടിനടന്ന് തെറിവിളിക്കാനും അവരുടെ കുടുംബത്തിന്റെ (സ്ത്രീകളുടെയും കുട്ടികളുടെയും) ഫോട്ടോകൾ എടുത്ത് മോശമായി ചിത്രീകരിക്കാനും മാത്രമേ രജിത് കുമാറിന്റെ ഫാൻസിന് അറിയുകയുള്ളു. അയാൾക്കായി ‘വെട്ടുകിളി’ പണി എടുക്കുന്നവർക്ക് അയാളുടെ പോലും നിലവാരം ഇല്ലെന്ന് ചുരുക്കം.

സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ആളാണെന്ന് പറഞ്ഞ് കൊണ്ട് തന്നെ അയാൾ മഞ്ജു, രേഷ്മ എന്നീ സ്ത്രീകളെ കുറിച്ച് വളരെ മോശമായി സംസാരിക്കും. ഒരു ടാസ്കിനിടെ രേഷ്മയെ കുറിച്ച് പ്രദീപുമായി ചേർത്ത് മോശമായിട്ടായിരുന്നു രജിത് സംസാരിച്ചത്. എന്നാൽ, അതൊരു നുണയായിരുന്നു എന്ന് രേഷ്മയും ഹൌസിലെ മറ്റുള്ളവരും പറഞ്ഞതാണ്. പക്ഷേ, താൻ ടാസ്കിനു വേണ്ടി പറഞ്ഞതാണെന്നോ അത് സത്യമല്ലെന്നോ ഉള്ള കാര്യം രജിത് ഇന്നുവരെ തുറന്നു സമ്മതിച്ചിട്ടില്ല. അയാൾ അത് പറയുകയും ഇല്ല.

രജിത് കുമാർ പറയുന്ന ശുദ്ധ അസംബന്ധങ്ങൾ മാത്രം വേദവാക്യമായി എടുക്കുന്ന ഫാൻസ് ഉണ്ട്. അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ, അയാളുടെ ചിന്താഗതികൾ തന്നെയാകും അവർക്കും.
#Rajith #biggBoss

Category

🗞
News

Recommended