ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാവലാളായ യോഗി

  • 5 years ago
ഇതുവരെ ബിജെപിയുടെ സ്റ്റാര്‍ കാമ്പെയ്ന്ര്‍ ആയിരുന്നു നരേന്ദ്ര മോദി. എന്നാല്‍ മോദിക്ക് ഇപ്പോള്‍ പഴയ താരപ്രഭ ഇല്ല. അതോടെയാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് മുന്‍പേ തന്നെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രചരണ ഗോദയിലേക്ക് ഇറക്കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ യോഗി പ്രചരണത്തിന് ഇറങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. അതേസമയം മോദിയെക്കാള്‍ മികച്ച കാമ്പെയ്നര്‍ യോഗി തന്നെയെന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടു. ഇതോടെ നരേന്ദ്ര മോദിയ യുഗം അവസാനിച്ചാല്‍ ബിജെപിയില്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം യോഗി തന്നെയെന്നാണ് വിലയിരുത്തപ്പെടുന്നത്.

തീവ്ര ഹിന്ദുത്വവാദ പ്രസംഗങ്ങളിലൂടെ വിവാദ നായകനായ മാറിയ നേതാവാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്..1990 ല്‍ അയോധ്യ പ്രക്ഷോഭത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചാണ് യോഗിയുടെ തുടക്കം. പിന്നീട് സന്യാസം സ്വീകരിച്ചു. മഹന്ത് അദ്വൈത് നാഥിന്‍റെ ശിഷ്യനായി പിന്നീട് അജയ് സിങ്ങ് ബിഷ്ക് എന്ന പേര് ഉപേക്ഷിച്ചു. പിന്നീട് യോഗി ആദിത്യനാഥ് എന്ന പേര് സ്വീകരിച്ചു. 1998നുശേഷം 1999, 2004, 2009, 2014 വർഷങ്ങളിലും ഗൊരഖ്പുരിൽനിന്ന് ലോക്സഭയിലെത്തി. ഗണിതശാസ്ത്രത്തിൽ ബിരുദധാരിയായാണ്. 26ാം വയസിലാണ് ആദ്യമായി എംപിയാകുന്നത്. ഗൊരഖ്നാഥ് മഠാധിപൻ കൂടിയാണ് നാൽപ്പത്തിനാലുകാരനായ യോഗി ആദിത്യനാഥ്.

ബിജെപിയുമായി നല്ല ബന്ധമല്ലായിരുന്നു യോഗി തുടക്കത്തില്‍ സ്വീകരിച്ചുപോന്നത്. ഹിന്ദുത്വ ആശയങ്ങളില്‍ നിന്ന് ബിജെപി വ്യതിചലിക്കുന്നതായിരുന്നു യോഗിയെ ചൊടിപ്പിച്ചത്. പലപ്പോഴും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പ്രതിരോധം സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം തന്‍റെ ഹിന്ദുത്വ ആശയങ്ങളിലൂന്നിയാണ് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ യോഗി സ്വാധീനം ഉറപ്പിച്ചത്. 2007 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ 70 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് ബിജെപി വെല്ലുവിളിച്ചിരുന്നു. എന്നാല്‍ പിന്നീട് നേതാക്കളുടെ ഇടപെടലിലൂടെ ആ നീക്കത്തില്‍ നിന്ന് പിന്നോട്ടടിച്ചു. അതേസമയം അന്ന് പല ബിജെപി നേതാക്കളും പരാജയപ്പെട്ടത് യോഗിയുടെ ബിജെപിക്കെതിരായ രഹസ്യ പ്രചരണത്തെ തുടര്‍ന്നാണെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ബിജെപിക്കെതിരെ ഭീഷണികള്‍ ഉയര്‍ത്തിയിരുന്നെങ്കിലും മുതിര്‍ന്ന നേതാവായ എല്‍കെ അദ്വാനി, ആര്‍എസ്എസ് തലവനായിരുന്ന രാജേന്ദ്ര സിങ്ങ്, വിഎച്ച്പി നേതാവ് അശോക് സിങ്വാള്‍ എന്നിവരുമായി യോഗി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

വിവാദങ്ങളുടേയും വര്‍ഗീയ പരാമര്‍ശങ്ങളുടേയും തോഴനായിരുന്നു യോഗി. 2005 ല്‍ 1800 ക്രൈസ്തതവരെ യോഗിയുടെ നേതൃത്വത്തില്‍ മതം മാറ്റിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. 2007 ല്‍ മുഹറം ഘോഷയാത്രയ്ക്കിടെ ഉണ്ടായ ആക്രമണത്തില്‍ രാജ്കുമാര്‍ അഗ്രഹാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കലാപത്തിലും യോഗിക്ക് പങ്കുണ്ടെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനും കൂടിയായ ആദിത്യനാഥ് ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ്. ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ തീവ്ര നിലപാട് എടുക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് ഹിന്ദു യുവ വാഹിനി.

യോഗിയുടെ പല പ്രസ്താവനകളും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ബോളിവുഡ് നടന്‍മാരായ ഷാരൂഖാനേയും അമിര്‍ഖാനേയുമടക്കം തീവ്രവാദികളാക്കി മുദ്രകുത്തി യോഗി നടത്തിയ ചില പ്രസ്താവനകള്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണത്തിനായി വാദിക്കുന്നവരില്‍ മുന്‍പന്തിയിലാണ് യോഗി. ഇത് തന്നെയാണ് മോദിക്ക് പകരം 2019ല്‍ യോഗി ആദിത്യനാഥ് ആയിരിക്കണം ഇന്ത്യയുടെ പ്രധാനമന്ത്രി മുഖം എന്ന ഹിന്ദുത്വവാദികളുടെ ആവശ്യത്തിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു. പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ട കൊലകളും സ്ഥല പേരുകളിലെ ഹിന്ദുത്വവത്കരണവുമെല്ലാം യോഗിയുടെ ഒരു വര്‍ഷ ഭരണത്തിനിടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സംഭവങ്ങളാണ്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധത്തിന്റെ പേര് പറഞ്ഞ് ബജ്രംഗ് ദള്‍ അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ കലാപമഴിച്ചുവിടുകയും പൊലീസ് ഇന്‍സ്‌പെക്ടറെ അക്രമികള്‍ വധിക്കുകയും ചെയ്ത സംഭവത്തില്‍ യോഗി ആദിത്യനാഥ് സ്വീകരിച്ച നിലപാടുകളും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
രാമക്ഷേത്ര നിര്‍മ്മാണമടക്കമുള്ള വിഷയങ്ങള്‍ യോഗി ഉറച്ച നിലപാടുകള്‍ കൈകൊണ്ടതോടെ ബിജെപിയുടെ മുഖ്യപ്രചാരകനായി മാത്രമല്ല രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാന്‍ തന്നെ യോഗ്യന്‍ യോഗി ആദിത്യനാഥ് ആണെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.പശു സംരക്ഷണത്തിന്റെ കാര്യത്തിലും ഹിന്ദുക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മോദി പരാജയപ്പെട്ടുവെന്നാണ് സംഘപരിവാര്‍ അടക്കം പറയുന്നത്. എന്നാല്‍ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിച്ച് അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ പ്രാപ്തന്‍ യോഗിയാണെന്നും ഇക്കൂട്ടര്‍ അവകാശപ്പെടുന്നു.അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണമടക്കം തീവ്ര ഹിന്ദുത്വ അജണ്ടകളും പ്രചാരണങ്ങളുമായി ബിജെപി മുന്നോട്ടുപോകുന്നതിനിടെ യോഗി ആദിത്യനാഥിന് വലിയ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ യോഗിയുടെ ഹിന്ദുത്വ അജണ്ടകള്‍ ഇനി വിലപ്പോവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എസ്പിയും ബിഎസ്പിയും ചേര്‍ന്ന് ബിജെപിക്കെതിരെ സഖ്യം ശക്തിപ്പെടുത്തിയപ്പോള്‍ ബിജെപിയെ നേരിടാന്‍ ബ്രാഹ്മാസ്ത്രമായ പ്രിയങ്ക ഗാന്ധിയെ തന്നെയാണ് കോണ്‍ഗ്രസ് ഇറക്കിയത്. യോഗിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ മതേരതര സഖ്യം തൂത്തെറിയുമോയെന്നത് വരാനിരിക്കുന്ന നാളുകള്‍ തെളിയിക്കും.