• 6 years ago
ജനാലവഴി കയറിയ പാമ്പിന്റെ കടിയേറ്റ് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പതിനേഴുകാരി മരിച്ച വാര്‍ത്ത വളരെ ഞെട്ടലോടെയാവും നമ്മളില്‍ ഓരോരുത്തരും വായിച്ചിട്ടുണ്ടാവുക. വ്‌ളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടില്‍ അനില്‍- മെറ്റില്‍ഡ ദമ്പതികളുടെ മകള്‍ അനീഷ്മയാണ് മരിച്ചത്.

സെപ്റ്റംബര്‍ ഒന്നിനു രാത്രി 10.30 നാണ് അനീഷ്മയെ പാമ്പ് കടിക്കുന്നത്. പാമ്പ് കടിയേറ്റയുടന്‍ തന്നെ കുട്ടിയുടെ വീട്ടുകാര്‍ അവളെ അടുത്തുള്ള വിഷവൈദ്യന്റെ അടുത്തേക്കാണ് കൊണ്ടുപോയത്. അവിടെ നിന്ന് എന്തൊക്കെയോ പച്ചമരുന്നു നല്‍കി വൈദ്യന്‍ കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചു.

രാത്രി 12.30ഓടെ അബോധാവസ്ഥയിലാ കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വന്നു. പെട്ടെന്നു തന്നെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും അനിഷ്മയെ കൊണ്ടുപോയെങ്കിലും വഴിമധ്യേ കുട്ടി മരിച്ചു.

ഇവിടെ നമ്മള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാത്രി 10.30നു പാമ്പ് കടിയേറ്റ അനിഷ്മ മരിക്കുന്നത് പുലര്‍ച്ചെ 1.25 ഓടെയാണ്. പാമ്പുകടിയേറ്റപ്പോള്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ തൊണ്ണൂറു ശതമാനവും അവളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേനെ.

അനിഷ്മ മരിക്കാനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചും യഥാര്‍ഥത്തില്‍ എന്താണ് ചെയ്യേണ്ടിയിരുന്നത് എന്നതിനേക്കുറിച്ചും ഡോ ഷിനു ശ്യാമളന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

അവസാനമായി ഒരാളെ രക്ഷിക്കുവാന്‍ ഓടുന്ന വാതിലാകാരുത് ആശുപത്രി. ഒരാളുടെ ജീവന്‍ രക്ഷിക്കുവാന്‍ ‘സമയവും’ മരുന്ന് പോലെ തന്നെ വിലപ്പെട്ടതാണെന്നും ഡോ ഷിനു തന്റെ പോസ്റ്റില്‍ കുറിച്ചു.

ട്രോമാ കെയറില്‍ അപകടം പറ്റിയ ഏതൊരാള്‍ക്കും അദ്യമണിക്കൂറുകളില്‍ നല്‍കുന്ന ചികിത്സ വിലപ്പെട്ടതാണ്. ഗോള്‍ഡന്‍ ഹവര്‍ എന്നാണ് അതിന് പറയുക. സ്വര്‍ണ്ണം പോലെ തന്നെ വിലപ്പെട്ട ആദ്യ മണിക്കൂറുകള്‍. ആ സമയത്തു നല്‍കുന്ന ചികിത്സയാണ് ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കുവാന്‍ ഏറ്റവും വിലപ്പെട്ടതെന്നും ഡോക്ടര്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

Category

🗞
News

Recommended