തീവ്ര ചിന്തകളുടെ പര്യായമായ ഒവൈസി

  • 5 years ago
ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദുള്‍ മുസ്ലീമിന്‍ നേതാവും ഹൈദരാബാദില്‍ നിന്നുളള എംപിയുമാണ് അസദുദ്ദീന്‍ ഒവൈസി. 1969ല്‍ ഹൈദരാബാദിലെ ഒരു രാഷ്ട്രീയ കുടുംബത്തില്‍ സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസിയുടെ മകനായാണ് അസദുദ്ദീന്‍ ഒവൈസിയുടെ ജനനം. ഒവൈസിയുടെ മുത്തച്ഛനായ അബ്ദുള്‍ വഹാബ് ഒവൈസായാണ് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദുള്‍ മുസ്ലീമിന്‍ സ്ഥാപിച്ചത്. ഒവൈസിക്ക് മുന്‍പ് അച്ഛനും മുത്തച്ഛനും പാര്‍ട്ടിയുടെ പ്രസിഡണ്ട് പദവിയിലിരുന്നു.

ലിങ്കണ്‍സ് ഇന്‍ ലണ്ടനിലെ പഠനത്തിന് ശേഷം ഒവൈസി ബാരിസ്റ്ററായി പ്രവര്‍ത്തിച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് ഒവൈസി കടന്ന് വരുന്നത് 1994ല്‍ ആണ്. ആന്ധ്ര പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒവൈസി മത്സരിച്ച് ജയിച്ചു. ചാര്‍മിനാര്‍ മണ്ഡലത്തില്‍ നിന്നാണ് ഒവൈസി മത്സരിച്ചത്. 1967 മുതല്‍ ഒവൈസിയുടെ പാര്‍ട്ടി വിജയിച്ച് വരുന്ന മണ്ഡലമായിരുന്നു ചാര്‍മിനാര്‍. നാല്‍പ്പതിനായിരം വോട്ടുകള്‍ക്കായിരുന്നു ഒവൈസിയുടെ ജയം. ഓരോ തവണയും മണ്ഡലത്തില്‍ ഒവൈസി ഭൂരിപക്ഷം ഉയര്‍ത്തി. 1999ല്‍ തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഒവൈസി തോല്‍പ്പിച്ചത് തൊണ്ണൂറ്റിമൂവായിരം വോട്ടുകള്‍ക്കാണ്.

2004ല്‍ ആണ് ഒവൈസി ആദ്യമായി പാര്‍ലമെന്റിലേക്ക് എത്തുന്നത്. ഒവൈസിയുടെ പിതാവ് സു്ല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസി ആയിരുന്നു അതുവരെ ഹൈദരാബാദ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ആ വര്‍ഷം മോശം ആരോഗ്യം ചൂണ്ടിക്കാട്ടി അദ്ദേഹം മത്സരിക്കാന്‍ വിസമ്മതിച്ചു. ഇതോടെ മകന്‍ ഒവൈസി മത്സരത്തിനിറങ്ങി. 70 ശതമാനവും മുസ്ലീം ജനങ്ങുളള മണ്ഡലത്തില്‍ നിന്നാണ് ഇതുവരെയുളള ഒവൈസിയുടെ എല്ലാ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയങ്ങളും.

2009ല്‍ ഒവൈസിക്കെതിരെ സഹീദ് അലി ഖാന്‍ മത്സരിച്ചത് തെലുങ്ക് ദേശം പാര്‍ട്ടി, സിപിഎം, സിപിഐ, ടിആര്‍എസ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയായിരുന്നു. കടുത്ത മത്സരമാകുമെന്ന് വിലയിരുത്തപ്പെട്ടുവെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ എത്രയോ ഇരട്ടി വോട്ടുകള്‍ നേടി ഒവൈസി ഉജ്വല വിജയം സ്വന്തമാക്കി. 1 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഒവൈസിക്കുണ്ടായിരുന്നു. 2014ല്‍ ബിജെപിയുടെ ഭഗവന്ത് റാവുവിനെ ആണ് ഹൈദരാബാദ് മണ്ഡലത്തില്‍ നിന്നും ഒവൈസി തോല്‍പ്പിച്ചത്. 6 ലക്ഷത്തിലധികം വോട്ടുകള്‍ ഒവൈസി നേടി. പതിനഞ്ചാം ലോക്‌സഭയിലെ മികച്ച പാര്‍ലമെന്റേറിയനുളള സന്‍സദ് രത്‌ന പുരസ്‌കാരം 2014ല്‍ ഒവൈസിക്കാണ് ലഭിച്ചത്. ഇത്തവണയും ഹൈദരാബാദില്‍ നിന്ന് തന്നെയാണ് ഒവൈസി ജനവിധി തേടുക.

തീപ്പൊരി പ്രാസംഗികനായി അറിയപ്പെടുന്ന അസദുദ്ദീന്‍ ഒവൈസി അടുത്തിടെ മോദി സര്‍ക്കാര്‍ പാസ്സാക്കിയ മുത്തലാഖ് ബില്ലിനെതിരെ ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ശ്രദ്ധ നേടിയിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങുന്ന നിരവധി വിവാദ പ്രസംഗങ്ങളും ഒവൈസി നടത്തിയിട്ടുണ്ട്. മുത്തലാഖ് പ്രസംഗത്തില്‍ സ്ത്രീപീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെടുന്ന സ്ത്രീകളില്‍ കൂടുതലും ഹിന്ദുക്കളാണ് എന്ന പ്രസ്താവന വിവാദത്തിലായിരുന്നു. മാത്രമല്ല മുസ്ലീം മതത്തിലുളളവര്‍ മുസ്ലീംങ്ങള്‍ക്ക് തന്നെ വോട്ട് ചെയ്യണം എന്ന് പ്രസംഗിച്ചതും ഒവൈസിയെ വിവാദത്തിലാക്കിയിട്ടുണ്ട്. താനൊരിക്കിലും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കില്ല എന്ന് പറഞ്ഞതും വിവാദത്തിലായി.

തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയേയും രാഹുലിനേയും അള്ളാഹു തോല്‍പ്പിക്കുമെന്ന് പ്രസംഗിച്ചത് വിവാദമായിരുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും എതിരെയുളള ടിആര്‍എസിന്റെ പ്രധാന ആയുധമാണ് അസദുദ്ദീന്‍ ഒവൈസി. അതുകൊണ്ട് തന്നെ ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിനേക്കാള്‍ തെലങ്കാനയില്‍ ബിജെപി ഭയക്കുന്നതും ആക്രമിക്കുന്നതും ഒവൈസിയെ ആണ്. ഹൈദരാബാദിലെ 7 മണ്ഡലങ്ങളില്‍ ഒവൈസിയുടെ പാര്‍ട്ടിക്ക് ആധിപത്യമുണ്ട്. ടിആര്‍എസുമായി ഒവൈസിയുടെ പാര്‍ട്ടി തെലങ്കാനയില്‍ സൗഹൃദ മത്സരത്തിലാണ്.