ഇടത് കോട്ടയായ ആറ്റിങ്ങൽ ഇത്തവണയും സമ്പത്തിനൊപ്പമോ ?

  • 5 years ago
27 വർഷങ്ങളായി ഇടതുമുന്നണിക്കൊപ്പം നിൽക്കുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. മികച്ച പാർലമെന്റേറിയൻ എന്ന് പേരെയുത്ത എ സമ്പത്ത് എംപി മൂന്നാം വട്ടമാണ് ആറ്റിങ്ങളിലെ ഇടത് കോട്ട കാക്കുന്നത്. 1996ല്‍ പഴയ ചിറയന്‍കീഴ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ തലേക്കുന്നില്‍ ബഷീറിനെ തോല്‍പ്പിച്ച് ആദ്യമായി ലോക്‌സഭയിലെത്തി. 18,341 വോട്ടുകൾക്കായിരുന്നു ജയം. ആറ്റിങ്ങല്‍ എന്ന് പേര് മാറിയ മണ്ഡലത്തില്‍ നിന്ന് 2009ലും സമ്പത്ത് വിജയിച്ചു. സംസ്ഥാനത്ത് ഉടനീളം നില നിന്നിരുന്ന ഇടത് തരംഗം അതിജീവിക്കാൻ സമ്പത്തിനായി. എതിർസ്ഥാനാർത്ഥി കോൺഗ്രസിന്റെ പ്രൊഫസര്‍ ജി ബാലചന്ദ്രനെ ആയിരുന്നു സമ്പത്ത് പരാജയപ്പെടുത്തിയത്.

2014ൽ മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയായിരുന്നു സമ്പത്തിന്റെ എതിരാളി. 69378 വോട്ടുകളായി തന്റെ ഭൂരിപക്ഷം ഉയർത്തി മൂന്നാം വട്ടവും എ സമ്പത്ത് ആറ്റിങ്ങലിന്റെ എംപിയായി ലോക്സഭയിലെത്തി.

1995ല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൈക്കാട് വാര്‍ഡിലേക്ക് ജയിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എ സമ്പത്ത് പ്രവേശിക്കുന്നത്. . ലോ കോളേജ് അധ്യാപന ജോലി ഉപേക്ഷിച്ചാണ് പൊതുരംഗത്ത് സജീവമായത്. സിപിഎമ്മിന്റെ കരുത്തനായ നേതാവായിരുന്നു എ സമ്പത്തിന്റെ പിതാവ് കെ അനിരുദ്ധൻ. 3 തവണ എംഎൽഎയും ഒരു തവണ എംപിയും ആയിട്ടുണ്ട് അദ്ദേഹം. 1965ല്‍ ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ ആര്‍ ശങ്കറിനെതിരെ ജയിലില്‍ കിടന്ന്‌ കെ അനിരുദ്ധന്‍ മത്സരിച്ചപ്പോള്‍, പ്രചാരണത്തിലെ താരം മൂന്നു വയസ്സുകാരനായ മകന്‍ സമ്പത്തായിരുന്നു.

എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന എ സമ്പത്ത് 1990ൽ തിരുവനന്തപുരം ലോ കോളേജിൽ നിന്ന് ഒന്നാം റാങ്കോടെയാണ് എൽഎൽഎം നേടുന്നത്. പിന്നീട് മയക്കുമരുന്നുനിരോധന നിയമത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന്‌ ഡോക്ടറേറ്റ്‌ നേടി ഡോ. എ സമ്പത്തായി മാറി അദ്ദേഹം.

ആറ്റിങ്ങലിലെ ജനകീയനായ നേതാവാണ് എ സമ്പത്ത്. ഉറച്ച നിലപാടുകളും ദേശീയ രാഷ്ട്രീയത്തിൽ തികഞ്ഞ അവഗാഹവുമുള്ള നേതാവ്. ദേശീയ ചാനലുകളിലടക്കം ചർച്ചകളിലെ പതിവ് സാന്നിധ്യമാണ് അദ്ദേഹം.ആറ്റിങ്ങലിന്റെ വികസന നായകനാണ് എ സമ്പത്ത്. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കൊപ്പം മണ്ഡലത്തിൽ വിവിധ പദ്ധതികളെത്തിക്കാൻ അദ്ദേഹത്തിനായി.

കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാലും മികച്ച പ്രകടനമാണ് എ സമ്പത്ത് എംപിയുടേതെന്ന് പറയേണ്ടി വരും. 2014-2018 കാലഘടത്തില്‍ 217 ചര്‍ച്ചകളില്‍ ആണ് സമ്പത്ത് പങ്കെടുത്തിട്ടുള്ളത്. അഞ്ച് സ്വകാര്യ ബില്ലുകളാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളുടെ എണ്ണത്തില്‍ സംസ്ഥാന ശരാശരിയേക്കാള്‍ താഴെയാണ് സമ്പത്തിന്റെ പ്രകടനം. 355 ചോദ്യങ്ങളാണ് സമ്പത്ത് ഉന്നയിച്ചത്. 77 ശതമാനാണാ് ലോക്സഭയിലെ ഹാജർ നില.


ഇക്കാലയളവിൽ പാർലമെന്റിൽ മറ്റൊരു റെക്കോർഡ് കൂടി ഇട്ടിട്ടുണ്ട് എ സമ്പത്ത് എംപി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ഏറ്റവും കൂടുതൽ ഭേഗദതി നിർദ്ദേശിച്ച എംപിയെന്ന റെക്കോർഡ്. 2018ൽ ലോക്സഭ സെക്രട്ടേറിയറ്റിന് സമര്‍പ്പിക്കപ്പെട്ട ആകെ 590 ഭേദഗതികളില്‍ 115ഉം നിര്‍ദേശിച്ചത് സമ്പത്ത് എം.പിയായിരുന്നു.


എംപി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിൽ മുൻ പന്തിയിലുണ്ട് എ സമ്പത്ത് എംപി. 25 കോടി രൂപയാണ് എംപി ഫണ്ടിലേക്ക് ഇതുവരെ അനുവദിച്ചത്. 22.63 കോടി രൂപ വിവിധ വികസന പദ്ധതികൾക്കായി ചെലവഴിച്ചു. പദ്ധതികൾക്ക് പണം അനുവദിക്കുന്നതിൽ മാത്രമല്ല പദ്ധതി നടത്തിപ്പിലും കൃത്യമായ മേൽനോട്ടം വഹിക്കാറുണ്ട് അദ്ദേഹം.

ഇത്തവണയും എ സമ്പത്തിനെ തന്നെ ആറ്റിങ്ങലിൽ ഇറക്കിയാൽ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ട്. എന്നാൽ തുടർച്ചായായി രണ്ട് തവണ എംപിയായവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം സിപിഎം നടപ്പിലാക്കിയാൽ എ സമ്പത്തിന് ഒരു പകരക്കാരനെ കണ്ടെത്തേണ്ടി വരും ആറ്റിങ്ങലിൽ. സമ്പത്ത് ഒഴിവായാൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന് സാധ്യതയുണ്ട്.

ആറ്റിങ്ങൽ മണ്ഡലം തിരികെ പിടിക്കാൻ ഇക്കുറി യുഡിഎഫ് അടൂർ പ്രകാശിനെ ഇറക്കിയേക്കുമെന്ന് സൂചനയുണ്ട്. ബിജെപി പ്രതീക്ഷ വയ്ക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ ഒന്നാണ് ആറ്റിങ്ങൽ. ശക്താനയ സ്ഥാനാർത്ഥിയെ രംഗത്തിറക്കാാനാണ് നീക്കം. മുൻ ഡിജിപി ടി പി സെൻകുമാറിന്റെ പേരാണ് ഇവിടെ ഉയർന്ന് കേൾക്കുന്നത്

Recommended